ബറൈച് (ഉത്തർപ്രദേശ്): നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ-നേപ്പാൾ അതിർത്തി മൂന്നു ദിവസം അടച്ചിടും. മാർച്ച് രണ്ട് അർധരാത്രി മുതൽ മാർച്ച് അഞ്ച് അർദ്ധരാത്രി വരെയാണ് അതിർത്തി അടയ്ക്കുന്നത്. അഞ്ചിനാണു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബാങ്കെ ജില്ലയിലെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളും ഈ ദിവസങ്ങളിൽ അടച്ചിടുമെന്നും നേപ്പാൾ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
അതേസമയം, ജീവൻരക്ഷാ മരുന്നുകൾ, അവശ്യസാധനങ്ങളുടെ ചരക്കുനീക്കം തുടങ്ങിയവ നിയന്ത്രണവിധേയമായി കർശന പരിശോധനയോടെ കടത്തിവിടും.
തൊഴിൽ, ബിസിനസ് ആവശ്യങ്ങൾക്കായി നിരവധി നേപ്പാളികൾ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. ഇവർക്കും ഗുരുതര രോഗമുള്ള വോട്ടർമാർക്കും സുരക്ഷാസേനയുടെ മേൽനോട്ടത്തിൽ അതിർത്തി കടന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.